കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവരാണോ? ഗുണദോഷ വശങ്ങളെ കുറിച്ച് അറിയൂ
നിങ്ങള്‍ കുളിക്കാനും കുടിക്കാനും ചൂടുവെള്ളമുപയോഗിക്കുന്നവരാണോ? ഗുണദോഷവശങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകളുടെ അഭാവത്തിലാണ് പലരും ഈ രീതി പിന്തുടരുന്നത്. പരമ്പരാഗതമായി കൈമാറി വന്ന അറിവുകളുടെ കൂട്ടത്തില്‍, സാധാരണ വെള്ളത്തേക്കാള്‍ കുറച്ചുകൂടി നല്ലതു ചൂടുവെള്ളമാണെന്ന വിശ്വാസമാണു പലര്‍ക്കും.
എന്നാല്‍ ഇതു പൂര്‍ണമായി ശരിയല്ല. ചൂടുവെള്ളം വേണ്ടിടത്തു മാത്രം വേണം ഉപയോഗിക്കാന്‍. അതുപോലെ പാകമായ ചൂടും മതി. ചൂടുവെള്ളത്തിലെ കുളിചെറുപ്പം തൊട്ടേയുള്ള ശീലങ്ങളില്‍ ചൂടുവെള്ളത്തിലുള്ള കുളി പിന്തുടരുന്നവരുണ്ട് എന്നാല്‍ ശാരീരകമായ അസ്വസ്ഥതകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ഇതുകൊണ്ടു കാര്യമായ പ്രയോജനം ഒന്നുമില്ലെന്നതാണു വാസ്തവം.
ശാസ്ത്രീയമായും ഇതു തെളിയിക്കപ്പെട്ടിട്ടില്ല. ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിലെ രക്തചംക്രമണം ചെറുതായി വര്‍ധിക്കുന്നതു കൊണ്ടു പേശികള്‍ക്കു കൂടുതല്‍ ഉണര്‍വു ലഭിക്കാം. ബ്രോങ്കൈറ്റിസ്, ജലദോഷം, തൊണ്ടവേദന, തുടങ്ങി തണുപ്പു ദോഷം ചെയ്യുന്ന അവസരങ്ങളില്‍ വേണമെങ്കില്‍ ചൂടുവെള്ളത്തിലുള്ള കുളി ആവാം.
ചൂടു വെള്ളത്തില്‍ കുളിക്കണമെന്നു പറയുമ്പോള്‍ അതിനായി വെള്ളം തിളപ്പിക്കേണ്ട കാര്യവുമില്ല. തണുപ്പൊന്നു മാറ്റിയെടുത്താല്‍ മതി. അതുമാത്രമല്ല, സഹിക്കാന്‍ പറ്റുന്ന ചൂടില്‍ വേണം വെള്ളം ദേഹത്തൊഴിക്കാന്‍. കൂടുതല്‍ ഗുണം കിട്ടുമെന്നു കരുതി അധികം ചൂടുവെള്ളം ദേഹത്തൊഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാകും.
ചെറുചൂടുവെള്ളത്തിലാണു കുളിയെങ്കിലും ഈ വെള്ളം അധികം തലയില്‍ കോരിയൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുപ്പില്ലാത്ത വെള്ളത്തില്‍ തല കഴുകുന്നതാണ് നല്ലത്.